Welcome : Kanchiyar Service Co-operative Bank
സ്വവതന്ത്രാനന്തര കാലഘട്ടങ്ങളിൽ അനുഭവപ്പെട്ട കഠിനമായ ഭക്ഷണ ദൗർലഭ്യം നേരിടുന്നതിന് വേണ്ടിയാണ് കാഞ്ചിയാർ പ്രദേശത്ത് ആദ്യ നാളുകളിൽ പ്രധാനമായും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കുടിയേറ്റം ആരംഭിക്കുന്നത്. ഇപ്രകാരം കുടിയേറിയ കർഷകർ കൊടും കാട് വെട്ടി തെളിച്ചും, വന്യ മൃഗങ്ങളോടും മലമ്പനിയോടും മല്ലിട്ടും ചോര നീരാക്കി അദ്ധ്വാനിച്ചു അനേകരാണ് കാഞ്ചിയാർ പ്രദേശത്തെ ഈ നിലയിൽ ആക്കുന്നതിനായി കഠിനമായി യത്നിച്ചത്. ഇവിടെ വാസമുറപ്പിച്ച പ്രധാനപ്പെട്ട കൃഷിക്കാരായ ശ്രീ ടി എം തോമസ് തുരുത്തിമറ്റം, ശ്രീ എം എ ഡൊമിനിക് മുത്തിയപാറ എന്നിവർ അന്ന് ഈ പ്രദേശത്തെ പ്രധാനികൾ ആയിരുന്നു. വരകപ്പള്ളിൽ കൊച്ചമ്മാവൻ എന്നറിയപ്പെടുന്ന ശ്രീ വി കെ നാരായണൻ നായരുടെ നേതൃത്വത്തിൽ ഉടുമ്പൻചോല പള്ളി വികാരിയായിരുന്ന റെവ ഫാ ജോസഫ് പുല്ലാൻ അച്ഛന്റെ നിർദ്ദേശ പ്രകാരം ഒരു സഹകരണ പ്രസ്ഥാനം ഉണ്ടാക്കാനുള്ള ആലോചനയാണ് ഈ സ്ഥാപനത്തിന്റെ തുടക്കമെന്ന് പറയാവുന്നതാണ്. 02.01.1961 -ൽ ശ്രീ വി കെ നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ കാഞ്ചിയാർ കക്കാട്ട് കടയിലുള്ള കേരള കർഷക യൂണിയന്റെ ആഫിസിൽ ചേർന്ന യോഗം കാഞ്ചിയാർ പ്രദേശത്തെ കൃഷിക്കാരുടെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിക്കുവാനും 10 രൂപ പ്രകാരം 5000 രൂപ ഓഹരി സമാഹരിക്കുവാനും തീരുമാനിച്ചു. സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശ്രീ എം എ ഡൊമിനിക്കിനെ സെക്രട്ടറി ആയും ശ്രീ വി കെ നാരായണൻ നായരെ പ്രസിഡന്റ് ആയും നിശ്ചയിച്ചു.